ഗ്രീൻ ലീഫ് റേറ്റിംഗിനും, ഹരിതസേന സ്കോളർഷിപ്പിനും തുടക്കമായി

29 Oct 2025, 01:41PM IST Inauguration

ഗ്രീൻ ലീഫ് റേറ്റിംഗിനും, ഹരിതസേന സ്കോളർഷിപ്പിനും തുടക്കമായി.
 പൊതുജനങ്ങൾക്ക് പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളെയും, വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പൊതു സ്ഥലങ്ങളെയും ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള സംവിധാനമായ ഗ്രീൻ ലീഫ് റേറ്റിംഗും, സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വർദ്ധിപ്പിക്കുന്നതിലേക്കായി ഏർപ്പെടുത്തുന്ന 1500 രൂപവീതമുള്ള സ്കോളർഷിപ്പും തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്റററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഏപ്രിലിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വൃത്തി കോൺക്ലേവിന്റെ പുസ്തകവും ചടങ്ങിൽ പ്രകാശിപ്പിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മാലിന്യ നിർമ്മാർജ്ജന രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെങ്കിലും അതിനനുസരിച്ച് ജനങ്ങളുടെ മനോഭാവത്തിൽ ഇനിയും മാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹരിത കർമ്മ സേന കേരളത്തിൻറെ ശുചിത്വ സൈന്യമാണ്. ഒരു ലക്ഷത്തി അമ്പത്തിരണ്ടായിരം ടൺ മാലിന്യം ഒരു വർഷം കൊണ്ട് അവർ ശേഖരിച്ചു. ജൈവ മാലിന്യ സംസ്കരണത്തിലും വൻ പുരോഗതിയുണ്ടായി. സംസ്ഥാനത്ത് ബിന്നുകളുടെ എണ്ണത്തിലും ബോട്ടിൽ ബൂത്തുകളുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായി. എന്നിട്ടും മാലിന്യം കാണുന്നിടത്ത് വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കാൻ തയ്യാറാകാത്ത വലിയൊരു വിഭാഗം ഉണ്ടെന്ന് മന്ത്രി പറഞ്ഞു. കർക്കശമായ നിയമനടപടികൾ കൈക്കൊള്ളുന്നതാണ് ഇന്ന് കാണുന്ന നല്ല മാറ്റങ്ങൾക്ക് കാരണമെന്നും, പൊതുവിടങ്ങൾ വൃത്തിഹീനമാക്കുന്നവർക്കെതിരെ ഇനിയും കൂടുതൽ കർക്കശമായി തന്നെ നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിന്റെ അധ്യക്ഷനായിരുന്ന മുൻ ഗതാഗത മന്ത്രി കൂടിയായ എം.എൽ.എ. ആന്റണി രാജുവിന്റെ കാലത്ത് ഏഐ ക്യാമറകൾ നടപ്പിലാക്കിയപ്പോഴുണ്ടായ പ്രതികൂല പ്രതികരണങ്ങൾ ഓർമ്മിപ്പിച്ച മന്ത്രി എം. ബി. രാജേഷ്, ഇന്ന് ആ നടപടി കൊണ്ടുണ്ടായ അപകടങ്ങളിലെ എണ്ണത്തിന്റെ കുറവിനെയും പ്രശംസിച്ചു. വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പിന്റെ ടൂൾ കിറ്റുകൾ മന്ത്രി വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഗ്രീൻ ലീഫ് റേറ്റിംഗ് സംവിധാനം പ്രവർത്തിക്കുക. രണ്ട് ഘട്ടങ്ങളായാണ് ഇത് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, കെഎസ്ആർടിസി എന്നിവയെയാണ് റേറ്റിംഗിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഷോപ്പിംഗ് മാളുകൾ, ഓഡിറ്റോറിയങ്ങൾ, ഫ്ലാറ്റുകൾ തുടങ്ങിയവയും ഗ്രീൻ ലീഫ് റേറ്റിംഗിന്റെ ഭാഗമാകും. മികച്ച് റേറ്റിംഗ് കരസ്ഥമാക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ പാരിതോഷികങ്ങളും, അംഗീകാരങ്ങളും ഏർപ്പെടുത്തും. യുപി വിഭാഗത്തിലെ 6,7 ക്ലാസുകൾ, ഹൈസ്ക്കൂൾ വിഭാഗത്തിലെ 8,9 ക്ലാസ്സുകൾ, പ്ലസ് വൺ എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി തദ്ദേശ സ്വയംഭരണ വകുപ്പും, പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇക്കോസെൻസ് എന്ന് പേരിട്ടിരിക്കുന്ന വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ്. സ്കോളർഷിപ്പിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതു മുതലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്കൂളുകൾക്ക് മേൽനോട്ടം നൽകും. രജിസ്റ്റർ ചെയ്ത് സ്കോളർഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക് 1500 രൂപയാണ് ലഭിക്കുന്നത്. വിദ്യാർത്ഥികളിൽ ശാസ്ത്രീയ പാഴ്വസ്തു പരിപാലനം, ഹരിത നൈപുണ്യ വികസനം, പ്രാദേശിക മാലിന്യപ്രശന്ങ്ങൾക്കുള്ള പ്രായോഗിക പരിഹാരം കണ്ടെത്തൽ തുടങ്ങിയ ചിന്തകൾക്കും, പ്രവർത്തികൾക്കും പ്രചോദനം നൽകുന്നതിലേക്കാണ് ഇക്കോസെൻസ് ലക്ഷ്യം വയ്ക്കുന്നത്. എസ് സി ഇ ആർ ടിയുടെ നേതൃത്വത്തിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ ആക്ടിവിറ്റി പുസ്തകങ്ങളിലും, പാഠപുസ്തകങ്ങളിലും ഉൾപ്പെടുത്തിയിട്ടുള്ള ആശയങ്ങളും കൂടി ഉൾക്കൊള്ളിച്ചാണ് സ്കോളർഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ടി.വി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി ഐ.എ.എസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറൽ എൻ.എസ്.കെ. ഉമേഷ് , ശുചിത്വ മിഷൻ എക്സിക്ക്യൂട്ടിവ് ഡയറക്ടർ യു.വി.ജോസ്, കെ.എസ്.ആർ.ടി.സി. ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ. പി.എസ്. പ്രമോജ് ശങ്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.ജയപ്രകാശ് പി, മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ വിശ്വനാഥൻ കെ.വി എന്നിവർ സംബന്ധിച്ചു.