ക്ലൂ മൊബൈൽ ആപ്പ് നിലവിൽ വന്നു.

24 Dec 2025, 05:15AM IST Inauguration

ക്ലൂ മൊബൈൽ ആപ്പ് നിലവിൽ വന്നു. മാലിന്യ സംസ്കരണത്തിൽ സാങ്കേതികവിദ്യയുടെ പ്രയോഗം ശക്തമാക്കും- മന്ത്രി എം. ബി. രാജേഷ് മാലിന്യ സംസ്കരണത്തിൽ സാങ്കേതികവിദ്യയുടെ പ്രയോഗം കൂടുതൽ ശക്തമാക്കുമെന്ന് തദ്ദേശസ്വയംഭരണ - എക്സൈസ്- പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. കേരളത്തിൽ യാത്രചെയ്യുന്നവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ശുചി മുറികൾ ഏറ്റവും അടുത്ത് കണ്ടെത്തുന്നതിനായി ശുചിത്വമിഷൻ തയ്യാറാക്കിയ 'ക്ലൂ' (KLOO) മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു സാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്കരണം കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായാണ് ഹരിതമിത്രം 2.0 എന്ന മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്നത്. ഇപ്പോൾ ശുചിമുറികൾക്കായി ക്ലൂ മൊബൈൽ ആപ്ലിക്കേഷനും നിലവിൽ വരുന്നു. കേരളത്തിൽ യാത്രചെയ്യുന്നവർക്ക്, വിശേഷിച്ചും സ്ത്രീകൾക്ക് സൌകര്യപ്രദമായി ശുചിമുറികൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾവഴി ടേക്ക് എ ബ്രേക്ക് പദ്ധതി ആവിഷ്കരിച്ചത്. 1832 എണ്ണം ഇപ്പോൾ പൂർത്തിയായി. ക്ലൂ ആപ്ലിക്കേഷൻകൂടി വരുന്നതോടെ അത് കൂടുതൽ ശക്തിപ്പെടും. ഇതോടൊപ്പം കേരളത്തിലെ മുഴുവൻ സാനിട്ടറി മാലിന്യവും സംസ്കരിക്കാൻ കഴിയുംവിധം സംസ്കരണത്തിനായി അഞ്ച് പുതിയ പ്ലാന്റുകൾകൂടി മാസങ്ങൾക്കകം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു. ശുചിത്വത്തിന്റെ കാര്യത്തിൽ ദുഷ്കരമായ ഘട്ടം കേരളം മറികടന്നിരിക്കുകയാണ്. ബ്രഹ്മപുരത്തിന് ശേഷം മാലിന്യ സംസ്കരണ മേഖലയിൽ സംസ്ഥാനം നൽകിയ പ്രാധാന്യവും ജാഗ്രതയും ശ്രദ്ധേയമാണ്. ഹരിതകർമ്മസേന വഴി അജൈവ മാലിന്യം ശേഖരിക്കുന്നത് 37 ശതമാനത്തിൽ നിന്നും 95 ശതമാനമായി ഉയർന്നു. മുനിസിപ്പൽ-പഞ്ചായത്ത് രാജ് നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ വഴി മാലിന്യം നൽകുന്നതും യൂസർ ഫീ അടക്കുന്നതും നിർബന്ധമാക്കി. മാലിന്യങ്ങൾ താൽക്കാലികമായി ശേഖരിക്കാനുള്ള മിനി എം.സി.എഫ് കേന്ദ്രങ്ങളുടെ എണ്ണം 7,000 - ത്തിൽ നിന്നും 21,000 - മായി വർദ്ധിപ്പിച്ചു. കൊച്ചി, പാലക്കാട് തുടങ്ങി ഏഴ് കേന്ദ്രങ്ങളിലായി സി.ബി.ജി പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങൾ ഇന്ധനമാക്കി മാറ്റാൻ 720 ടൺ ശേഷിയുള്ള 11 ആർ.ഡി.എഫ് പ്ലാന്റുകളും സജ്ജമായിക്കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേക്ഷൻ റാങ്കിംഗിൽ കേരളം മികച്ച മുന്നേറ്റം നടന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പബ്ലിക്ക് ടോയലറ്റുകൾ, സ്വകാര്യ ഹോട്ടലുകളിലെ ടോയലറ്റുകൾ തുടങ്ങിയവയെ ബന്ധിപ്പിച്ചുകൊണ്ട് ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ ടോയലറ്റ് കണ്ടെത്തുന്നതിന് സഹായകരമായ രീതിയിലാണ് ക്ലൂ അപ്പ് സജ്ജീകരിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് ആവിഷ്‌കരിച്ചിട്ടുള്ളത്. സർക്കാർ നിർമ്മിച്ച 1832 'ടേക്ക് എ ബ്രേക്ക്' (Take a Break) കേന്ദ്രങ്ങളിൽ മികച്ച റേറ്റിംഗുള്ളവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചത്. ശുചിത്വ മിഷൻ നിശ്ചിത മാനദണ്ഡപ്രകാരം റേറ്റിംഗ് നൽകിയിട്ടുളള ടോയലറ്റുകളെയാണ് ക്ലൂ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഇവയുടെ നിലവാരം ഉപയോക്താക്കൾക്ക് നേരിട്ട് റേറ്റ് ചെയ്യാൻ കഴിയുന്നതിലൂടെ ടോയലറ്റുകളുടെ ശുചിത്വ നിലവാരം എപ്പോഴും ഉറപ്പാക്കുന്നതിന് സാധിക്കും. സംസ്ഥാനത്തെ പ്രധാന നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, ടൂറിസം റോഡുകൾ എന്നിവയെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുളളത്. പ്ലാനിങ് ബോർഡ് അംഗം ജിജു പി അലക്സ് അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, വാഷ് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അറുമുഖം കാളിമുത്തു, കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. ജയപാൽ, കേരള ട്രാവൽ മാർക്ക് ഭാരവാഹി ഇ.എം. നജീബ്, അനിൽ പ്രസാദ് (ഫ്രൂഗൽ സയൻറിഫിക്) ശുചിത്വമിഷൻ ഡയറക്ടർ മുഹമ്മദ് ജാ തുടങ്ങിയവർ പങ്കെടുത്തു. #SuchitwaMission #kloo #wastemanagement