Accessibility Menu

'ഹരിത ഓണം' ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു.
തിരുവനന്തപുരം: ഈ വർഷത്തെ ഓണാഘോഷങ്ങൾ പൂർണ്ണമായും പരിസ്ഥിതി സൗഹൃദവും മാലിന്യമുക്തവുമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ചേർന്ന് നടപ്പിലാക്കുന്ന 'ഹരിത ഓണം 2026' ക്യാമ്പയിൻ്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശനും വകുപ്പുമന്ത്രി കെ.എം. ഷാജിയും ചേർന്ന് പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിലായിരുന്നു ലോഗോ പ്രകാശനം. ശുചിത്വ മിഷൻ സംഘടിപ്പിച്ച മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോഗോ തിരുവനന്തപുരം സ്വദേശി ലിപിൻ ഉണ്ണികൃഷ്ണനാണ് രൂപകൽപ്പന ചെയ്തത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കി ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കാനും 'ഹരിത ഓണം' ക്യാമ്പയിൻ ലക്ഷ്യമിടുന്നു. പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മസേനയ്യോ അംഗീകൃത ഏജൻസികൾക്കോ കൈമാറുന്നതിനും ഈ ക്യാമ്പയിനിലൂടെ പൊതുജനങ്ങളെയും വ്യാപാരികളെയും പ്രോത്സാഹിപ്പിക്കും. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ചെയർമാൻ വി. മുരളീധരൻ എം.എൽ.എ., മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഉമേഷ് എൻ.എസ്.കെ., ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ജഹാംഗീർ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.