Accessibility Menu

'കൈയ്യോട്കൈ' ക്യാമ്പയിനുമായി ശുചിത്വ മിഷൻ, ലോഗോ പ്രകാശനം ചെയ്ത് മന്ത്രി കെ.എം. ഷാജി.
തിരുവനന്തപുരം: എല്ലാ വർഷവും ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്വച്ഛ ഭാരത് മിഷൻ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ കേരളത്തിൽ 'കൈയ്യോട്കൈ' എന്ന പേരിൽ സംഘടിപ്പിക്കും. സെപ്റ്റംബർ 17ന് തുടങ്ങി ഒക്ടോബർ 17 വരെയുള്ള ഒരുമാസ കാലം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ലോഗോ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി പ്രകാശനം ചെയ്തു. മുൻ എംഎൽഎ അനിൽ അക്കര, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ഡി. ധർമ്മലശ്രീ ഐഎഎസ്, ശുചിത്വ മിഷൻ എക്സിക്ക്യൂട്ടിവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് ഐഎഎസ്, VB-G RAM G മിഷൻ ഡയറക്ടർ രഞ്ജിത് ഡി. ഐഎഎസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ രവിരാജ്, ത്രേസ്യാമ്മ ആൻ്റണി, ശുചിത്വ മിഷൻ ഡയറക്ടർ (ഓപ്പറേഷൻസ്) ജഹാംഗീർ എസ്, പ്രോഗ്രാം ഓഫീസർമാരായ അനീഷ് ബി, ഫൈസി എ. എന്നിവർ പങ്കെടുത്തു.
കൈകോർക്കാം, മാലിന്യരഹിത പുതുയുഗ കേരളത്തിനായി എന്നതാണ്. ക്യാമ്പയിൻ ആപ്തവാക്യം. മാലിന്യക്കൂനകളെ കണ്ടെത്തി അവയെ നീക്കം ചെയ്യുക, ഇത്തരത്തിൽ മാലിന്യനീക്കം നടന്ന ഇടങ്ങളിൽ മാലിന്യം വീണ്ടും ഉപേക്ഷിക്കാതെ സംരക്ഷിക്കുക, യുവജനതയുടെ പങ്കാളിത്തത്തോടെ ക്യാമ്പയിനിൽ ഉറപ്പുവരുത്തുക, സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, മാലിന്യത്തെ വിഭവമാക്കി പുനരുപയോഗ സാധ്യത ഉൾപ്പെടെ ഉറപ്പുവരുത്തുക തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങളെ അണിനിരത്തി വൃത്തിയുള്ള പുതുയുഗകേരളത്തിനായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയെന്നതാണ് ക്യാമ്പയിൻ ലക്ഷ്യംവെയ്ക്കുന്നത്. പൊതുശുചിമുറികൾ വൃത്തിയാക്കുകയും, പ്രവർത്തനക്ഷമമല്ലാത്തവയെ നന്നാക്കിയെടുക്കുന്നതിനും ക്യാമ്പയിൻ വിഭാവനം ചെയ്യുന്നു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് സംസ്ഥാന വ്യാപകമായി പൊതുശുചീകരണ പരിപാടികളും ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിക്കും.